പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു ട്രെയിൻ ഓടിത്തുടങ്ങി. കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറൻസിലൂടെ പുതിയ മെമു ട്രെയിന്‍ പച്ചക്കൊടി കാണിച്ച് സിഗ്നൽ നൽകിയതോടെ പാലക്കാട് റെയിൽവെ ജംഗ്ഷനിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റും പച്ചക്കൊടി സിഗ്നൽ നൽകി. തുടർന്ന് സൈറണ്‍ മുഴക്കി ട്രെയിനിന്റെ കന്നി ഓട്ടത്തിന് തുടക്കമിട്ടു. ഫ്ളാഗ് ഓഫിന് മുന്നോടിയായി ഒലവക്കോട് നടന്ന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥിയായി.
പാലക്കാട് ടൗണ്‍, പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ്, പൊള്ളാച്ചി ജംഗ്ഷൻ തുടങ്ങിയ സ്റ്റേഷനുകളിലും സ്വീകരണം നൽകി. നിലവിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകൾ മാത്രമാണ് ഉള്ളത്. പുലർച്ചെ 4.20 നുള്ള അമൃത എക്സ്പ്രസ്, 6.10 നുള്ള തിരുച്ചെന്തൂർ എക്സ്പ്രസ്, വൈകുന്നേരം 3.50ന് ചെന്നൈ എക്സ്പ്രസ് എന്നിവയാണവ.
പാലക്കാട്-പൊള്ളാച്ചി മെമു ട്രെയിൻ 6623 ഇന്ന് വൈകുന്നേരം ഏഴിന് പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് പൊള്ളാച്ചിയിലെത്തും. ട്രെയിൻ നന്പർ 6624 പൊള്ളാച്ചി ജംഗ്ഷൻ- പാലക്കാട് ജംഗ്ഷൻ മെമു രാവിലെ 5.15 ന് പൊള്ളാച്ചി ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.10 ന് പാലക്കാട് ജംഗ്ഷനിൽ എത്തും. രണ്ട് ട്രെയിനുകളും ആഴ്ചയിൽ അഞ്ചു ദിവസം മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.